Friday 19 July 2013

ഉത്തരാഖണ്ഢിന് സഹായവുമായി കുരുന്നുകള്‍..

         പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 'ഉത്തരാഖണ്ഢിന് ഒരു രൂപ' പദ്ധതി , സ്കൂളിലെ ആന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്നു. ഉത്തരാഖണ്ഢില്‍ സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി കുട്ടികളെ ...ബോധ്യപ്പെടുത്തിക്കൊണ്ടും മലയാള മനോരമയുടെ 'ഉത്തരാഖണ്ഢിന് ഒരു രൂപ' എന്ന നന്മ പ്രവൃത്തിയില്‍ പങ്കുചേരുവാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടും ബോധവത്ക്കരണ പരിപാടിയാണ് ആദ്യം സംഘടിപ്പിച്ചത്. ഈ പുണ്യകര്‍മ്മത്തിന്റെ പ്രാധാന്യം മനസിലാക്കിയ സ്കൂള്‍ ഒന്നടങ്കം പദ്ധതിയുമായി പൂര്‍ണ്ണമായി സഹകരിച്ചു.
         പൈസ ശേഖരിക്കുവാനായി പ്രത്യേക പാത്രങ്ങള്‍ ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി. 'ഉത്തരാഖണ്ഢിന് ഒരു രൂപ' എന്ന സന്ദേശം പതിച്ച ഈ പാത്രങ്ങളുമായി നല്ലപാഠം പ്രവര്‍ത്തകരായ കുട്ടികള്‍ എല്ലാ ക്ലാസുകളിലും കയറിയിറങ്ങി. ശേഖരിച്ച പൈസ എണ്ണിത്തിട്ടപ്പെടുത്തിയതും മണിയോഡറായി അയച്ചതുമെല്ലാം ഈ കുട്ടികള്‍തന്നെയാണ്. 1425 രൂപയാണ് ഒരു രൂപത്തുട്ടുകളായിമാത്രം ഇവര്‍ ശേഖരിച്ചത്.
         ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോതി റോയി പരിപാടിക്കുശേഷം പറഞ്ഞതിങ്ങനെ..
“ വിട്ടില്‍ യാചകര്‍ പാത്രവുമായി ഭിക്ഷയാചിച്ചുവരുമ്പോള്‍ പൈസ നല്‍കുമെങ്കിലും മനസില്‍ അത്ര കാരുണ്യമൊന്നും തോന്നിയിരുന്നില്ല. എന്റെ കയ്യിലേയ്ക്ക് സാര്‍ പാത്രം വച്ചുതന്നപ്പോള്‍ ആദ്യം മടി തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനെന്തോ ഒരു നന്മ ചെയ്തു എന്നു തോന്നുന്നു. മനസില്‍നിന്ന് എന്തൊക്കെയോ ഇറങ്ങിപ്പോയതുപോലെയോ പുതിയതെന്തൊക്കെയോ കിട്ടിയതുപോലെയോ.. ഇനി സഹായത്തിനായി കൈ നിട്ടുന്ന ഒരാള്‍ക്കുനേരെയും കണ്ണടയ്ക്കുവാന്‍ എനിക്കുസാധിക്കില്ല.”

No comments:

Post a Comment